Ultimate magazine theme for WordPress.

ഒമിക്രോൺ കേസുകള്‍ ഉയരുന്നു; ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കുറയ്ക്കുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധികക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിൽ ഇന്ത്യയിൽ ഒമിക്രോൺ വകഭേദം കൂടുതൽ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കൂടുതൽ കേസുകള്‍ ഉണ്ടായേക്കുമെന്ന് കരുതുന്നത്. ഇന്നലെ കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 41 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഡിസംബര്‍ 22 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോൺ കേസുകള്‍ 213 ൽ എത്തി. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംസ്ഥാനങ്ങള്‍.ബുധനാഴ്ച ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തെലങ്കാനയിലായിരുന്നു. 14 പേര്‍ക്കാണ് ഒമിക്രോൺ വ്യാപനം കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലും ഗുജറാത്തിലും ഒൻപത് വീതവും രാജസ്ഥാനിൽ നാല് കേസുകളും, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് വീതവും ആന്ധ്രാപ്രദേശിൽ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ഡൽറ്റാ വകഭേദത്തേക്കാൾ മൂന്നിരട്ടി രോഗവ്യാപനതോത് കൂടുതലാണ് ഒമിക്രോണിനുള്ളത്. അതിനാൽത്തന്നെ, പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും കേന്ദ്ര സര്‍‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. ഡൽഹി, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ ഒമിക്രോൺ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുമെന്ന് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തിൽ ആരോഗ്യ മേഖലയിളെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. ഇതിൽ ഒമിക്രോണിന്റെ വ്യാപനതോതും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുമടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാൻ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. മുംബൈയിൽ ബുധനാഴ്ച രോഗവ്യാപനം അതിവേഗത്തിലാണ് പകരുന്നത്. 490 പുതിയ കേസുകളാണ് ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുൻ ദിവസങ്ങളേക്കാള്‍ വൻവര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 54 പേര്‍ക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ഡിസംബര്‍ 16 മുതൽ 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.