Ultimate magazine theme for WordPress.

പുഴയ്ക്കും തണൽമരങ്ങൾക്കും പരിസ്ഥിതിക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പ്രഫ. എസ്.സീതാരാമൻ അന്തരിച്ചു.

രാവിലെ വരെ സജീവമായിരുന്ന അദ്ദേഹം ആലുവയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയായിരുന്നു അന്ത്യം.ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അദ്ദേഹം നട്ടുപിടിപ്പിച്ച അസംഖ്യം തണൽമരങ്ങൾ ഇന്നും തലയുയർത്തി നിൽക്കുന്നു. ആലുവ മണപ്പുറത്തുള്ള കുട്ടിവനം അദ്ദേഹം നട്ടുപിടിപ്പിച്ചതാണ്. ചെറുപ്പത്തിൽ അച്‌ഛൻ മനസ്സിലേക്കിട്ട നിറമാണു സീതാരാമനു പച്ച. പരിസ്‌ഥിതി പ്രവർത്തനത്തിനുള്ള ഒരു ലക്ഷം രൂപയുടെ ഡൗൺ ടു എർത്ത് ജോസഫ് സി. ജോൺ അവാർഡ് ലഭിച്ചപ്പോഴും സമ്മാനത്തുക അദ്ദേഹം വാഗ്ദാനം ചെയ്തതു പരിസ്‌ഥിതി പ്രവർത്തനത്തിനാണ്.പൊള്ളുന്ന വെയിലിൽ വഴിവക്കിലെ മരങ്ങളുടെ തണൽ പറ്റിയവർ മനസ്സാലെ നൽകിയ പുരസ്‌കാരം മതി ജീവിതം മുഴുവൻ ഈ രംഗത്തു തുടരാനെന്ന് അദ്ദേഹം പറഞ്ഞു.അത്തിയും പിച്ചിയും ചെത്തിയും താന്നിയും മനോരഞ്‌ജിതവും പുഷ്‌ക്കരമുല്ലയും രണ്ടേക്കർ തോട്ടത്തിലുണ്ടായിരുന്നു

കലക്‌ടറേറ്റ് വളപ്പിലെ ഔഷധ നഴ്‌സറി, എച്ച്എംടി കോളനി, ആലുവ സർക്കാർ ആശുപത്രി, ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വനവൽക്കരണ പരിപാടി എന്നിവക്കു മേൽനോട്ടം വഹിച്ചത് ഇദ്ദേഹമാണ്. 70 സ്‌കൂളുകളിൽ കേന്ദ്ര വനം മന്ത്രാലയവുമായി ചേർന്നു പരിസ്‌ഥിതി ക്ലബുകൾ രൂപീകരിച്ചു. വേമ്പനാടു കായലിനെക്കുറിച്ചുള്ള വിപുലമായ പഠനം നടത്തി.

കൊച്ചി നഗരത്തിന്റെ ശ്വാസകോശമായ മംഗളവനം ഹൈക്കോടതിയുടെ പാർക്കിങ് ഏരിയ ആക്കുന്നതിനെതിരെ നടത്തിയ ശക്‌തമായ ചെറുത്തുനിൽപ്പിന്റെ മുൻനിരയിലും സീതാരാമൻ ഉണ്ടായിരുന്നു. ആണവ നിലയത്തിനെതിരെയും പൂയംകുട്ടി, പാത്രക്കടവ് പദ്ധതികൾക്കെതിരെയും സമരരംഗത്തുണ്ടായി. ഏറ്റവും ഒടുവിൽ ആനക്കയം പദ്ധതിക്കെതിരെയാണു സമരം നടത്തിയത്. കാലടി ശ്രീശങ്കര കോളജിൽ രസതന്ത്ര അധ്യാപകനായിരുന്നു. അതേ ക്യാംപസിലെ ആദി ശങ്കര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സയൻസ്, ഹ്യൂമാനിറ്റീസ് വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു

Leave A Reply

Your email address will not be published.