Ultimate magazine theme for WordPress.

പുതിയ കൊവിഡ് വകഭേദം; കേരളത്തില്‍ പ്രതിരോധം ശക്തമാക്കി

തിരുവനന്തപുരം: ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. പൂനെയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് രാജ്യത്ത് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേദമാണ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എയര്‍പോര്‍ട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു കൂട്ടി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കോവിഡ് കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാമ്പിളുകള്‍ അയച്ചു വരുന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം കൃത്യമായി എന്നിവ നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.