Ultimate magazine theme for WordPress.

രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ സാധ്യത

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുകയാണ്. ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ മോശമാണ്. കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ്-19 സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളം മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ആശങ്കയുണ്ടാക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞിരുന്നു. പുതിയ കൊവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഇതിനിടെ രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കേസുകൾ കൂടുതലുള്ള 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ആലോചനയാണ് കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിലാണ് ലോക്ക്ഡൗണിന് സാധ്യതകൾ നിലവിലുള്ളത്. ഈ ജില്ലകളുടെ പട്ടിക കേന്ദ്ര സർക്കാർ തയ്യാറാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതാത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ജില്ലകളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്താനുള്ള അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ വേണമെന്ന ശുപാർശയാണ് ചൊവ്വാഴ്‌ച നടന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ആവശ്യ സർവീസുകൾക്ക് ഇളവ് നൽകിയാകും ലോക്ക്‌ഡൗൺ ഏർപ്പെടുത്തുക. ഈ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ വേണമെന്നും നിർദേശമുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശത്തോട് ബന്ധപ്പെട്ട വകുപ്പുകൾക്ക് എതിർപ്പുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.കേരളത്തിലെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനം ആണെന്നിരിക്കെ ചികിത്സയിലും നിരീക്ഷണത്തിലുമുള്ളവരുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നുണ്ട്. ആരോഗ്യവകുപ്പ് ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2,47,181 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 5,27,662 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,06,202 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,460 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 12,07,680 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയപ്പോൾ ആകെ മരണം 5170 ആയി ഉയരുകയും ചെയ്‌തു. സംസ്ഥാനത്തെ ഈ കൊവിഡ് കണക്കുകൾ തന്നെയാണ് ആശങ്കയുണ്ടാക്കുന്നത്. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന മുന്നറിയിപ്പ് പ്രകാരം സംഭവിച്ചാൽ പല ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് ഉയരുമെന്ന് വ്യക്തമാണ്.15 ശതമാനത്തിന് മുകളിൽ കൊവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായാൽ കേരളത്തിനും തിരിച്ചടിയാണ്. ഈ പട്ടികയിൽ കേരളത്തിലെ പല ജില്ലകളും ഉൾപ്പെടും. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ആരോഗ്യവകുപ്പ് ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കോഴിക്കോട്, എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ നിന്ന് ഉയരാനുള്ള സാധ്യതയും കൂടുതലാണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയാൽ കേരളത്തിലെ 12 ജില്ലകൾ ഇതിൽ ഉൾപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. കൊല്ലവും പത്തനംതിട്ടയും ഒഴിച്ചുള്ള ജില്ലകളിൽ ലോക്ക്‌ഡൗൺ നടപ്പാക്കേണ്ടി വരും. രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 156 ജില്ലകൾ ഉണ്ടെന്നാണ് കണക്ക്

Leave A Reply

Your email address will not be published.