Ultimate magazine theme for WordPress.

ഹംഗറിയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരിതെളിഞ്ഞു

പീഡിത ക്രൈസ്തവരെ ചേര്‍ത്തു പിടിക്കുന്ന ഹംഗറിയില്‍ അന്താരാഷ്ട്ര കാരുണ്യ കോണ്‍ഗ്രസിന് തിരിതെളിഞ്ഞു

ബുഡാപെസ്റ്റ്: ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ആയിരങ്ങള്‍ക്ക് വലിയ രീതിയില്‍ സഹായം ചെയ്തുക്കൊണ്ടിരിക്കുന്ന ഹംഗറിയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരിതെളിഞ്ഞു. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആതിഥ്യമരുളുന്ന 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരിതെളിഞ്ഞത്. ഇന്നലെ സെപ്റ്റംബര്‍ 5 ഞായറാഴ്ച ബുഡാപെസ്റ്റിലെ പ്ലാസാ ഡെ ലോസ് ഹെറോസില്‍വെച്ച് യൂറോപ്പിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ സമിതി (സി.സി.ഇ.ഇ) പ്രസിഡന്റായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബാഗ്നാസ്കോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് 12 വരെ നീളുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ സമ്മേളനത്തിന് ആരംഭമായത്.

വിശ്വാസികളും, ഹംഗറിയിലെ കത്തോലിക്ക സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അടക്കം ആയിരം പേരടങ്ങുന്ന ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ വിശുദ്ധ കുര്‍ബാനക്ക് അകമ്പടിയായി. ഇവരില്‍ ചിലര്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയതെന്നതും സമ്മേളനത്തിന്റെ പ്രാരംഭ ദിനത്തെ ശ്രദ്ധേയമാക്കി. സഭക്ക് നിശബ്ദമായിരിക്കുവാന്‍ കഴിയില്ലെന്നും. ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് സഭ തുടരുമെന്നും ദിവ്യബലി മദ്ധ്യേ നടത്തിയ പ്രസംഗത്തിനിടയില്‍ കര്‍ദ്ദിനാള്‍ ബാഗ്നാസ്കോ പറഞ്ഞു.

സുവിശേഷത്തിന്റെ മുഖവും, ദിവ്യകാരുണ്യത്തിലെ സാന്നിദ്ധ്യവുമായ ‘യേശു’ എന്ന നാമമല്ലാതെ ആദരിക്കുവാനും, പ്രഘോഷിക്കുവാനും സഭക്ക് മറ്റൊരു നാമമില്ലെന്നും ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, എല്ലാ എകാന്തതകള്‍ക്കും, ദൂരങ്ങള്‍ക്കും അതീതമാണ് വിശുദ്ധ കുര്‍ബാനയെന്നും പ്ലാസാ ഡെ ലോസ് ഹെറോസില്‍ തടിച്ചു കൂടിയ ആയിരങ്ങളോടായി പറഞ്ഞു. നിശബ്ദതയിലേക്ക് ചുരുങ്ങുവാന്‍ സഭക്ക് കഴിയുകയില്ല. ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്വം ഓരോ മനുഷ്യനിലേക്കും പകരണം. നമ്മുടെ ശബ്ദം ദുര്‍ബ്ബലമായിരിക്കാമെങ്കിലും, അത് നമ്മുടെ രക്തസാക്ഷികളുടെ നിണത്താല്‍ അടയാളപ്പെടുത്തപ്പെട്ട നൂറ്റാണ്ടുകളെ പ്രതിധ്വനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ക്രിസ്തുവാകുന്ന നമ്മുടെ ആനന്ദമാണ് ഏറ്റവും മഹത്തായത്. നിത്യതക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിന്റെ ദാഹത്തോടൊപ്പം നീ ഏകനല്ല, നീ എവിടേയാണെങ്കിലും നീ അദൃശ്യനല്ല, ദൈവം സ്നേഹത്തോടെ നിന്നെ നോക്കുന്നുണ്ട്; നീ അനാഥനല്ല, ദൈവമാണ് നിന്റെ പിതാവ്; ലോകത്തിന്റെ രക്ഷകനും, നിത്യജീവന്റെ അപ്പവുമായ യേശുവിന്റെ രക്തത്തോളം മൂല്യം നിനക്കുമുണ്ട്- ജെനോവയിലെ മുന്‍ മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ ബാഗ്നാസ്കോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു നീട്ടിവെക്കുകയായിരുന്നു. സെപ്റ്റംബര്‍ 12-ന് പ്രാദേശിക സമയം രാവിലെ 11:30-ന് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് അവസാനിക്കുക. സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ നീളുന്ന പാപ്പയുടെ അജപാലക യാത്രയുടെ ആദ്യഘട്ടം ആരംഭിക്കുന്നതും അന്നേദിവസം തന്നെയാണ്. 2000-ത്തിനു ശേഷം ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന ആദ്യപാപ്പയാണ് ഫ്രാന്‍സിസ് പാപ്പ.

Leave A Reply

Your email address will not be published.