Ultimate magazine theme for WordPress.

ഇറ്റലിയില്‍ ദയാവധം നിയമപരമാകുന്നു; പ്രതിഷേധവുമായി ഇറ്റലിയിലെ കത്തോലിക്കാ ഡോക്ടര്‍മാരുടെ അസോസിയേഷന്‍.

റോം: ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പ്രതിഷേധവുമായി ഇറ്റലിയിലെ കത്തോലിക്കാ ഡോക്ടര്‍മാരുടെ അസോസിയേഷന്‍. എല്ലാവര്‍ക്കും അന്തസുള്ള മരണം തന്നെ ലഭിക്കണമെന്ന കാര്യം ഉറപ്പാക്കണമെന്നത് അടിസ്ഥാന തത്വമാണെന്നു അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കാത്തലിക് ഡോക്ടേഴ്സിന്റെ പ്രസിഡന്റായ ഫിലിപ്പോ എം. ബോസിയ ജനുവരി 18-ന് പ്രസ്താവനയില്‍ വ്യക്തമാക്കി. പരസഹായത്തോടെയുള്ള മരണവും, ദയാവധവും ഒരു ഫിസിഷ്യന്റെ തൊഴില്‍പരമായ ചുമതലകളില്‍ ഉള്‍പ്പെടുത്തരുതെന്നാണ് തങ്ങളുടെ വിശ്വാസമെന്നു അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ ദയാവധം കുറ്റകരമല്ലാതാക്കുന്നതിനുള്ള ബില്ലിന്‍ മേല്‍ നിയമസാമാജികരുടെ വോട്ടെടുപ്പ് നടക്കുവാനിരിക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്ക ഫിസിഷ്യന്‍മാരുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ഇറ്റലിയിലെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ ഡിസംബര്‍ മുതല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. നിലവില്‍ ഇറ്റലിയില്‍ ദയാവധം 6 വര്‍ഷങ്ങള്‍ മുതല്‍ 15 വര്‍ഷങ്ങള്‍ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കഴിഞ്ഞ ആഴ്ച ബില്ലിനെ പിന്താങ്ങിക്കൊണ്ട് ഒരു പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിനെതിരെ 57 അസോസിയേഷനുകള്‍ ഒരുമിച്ച് സംയുക്ത പ്രസ്താവന പുറത്തുവിട്ടിരുന്നു. ഇതിലും ഭയങ്കരമായ പ്രശ്നങ്ങള്‍ക്കെതിരെയുള്ള ഒരു തടയണയാണ് ബില്‍ എന്നാണ് ‘ലാ സിവില്‍റ്റാ കത്തോലിക്ക’യില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനത്തില്‍ പറയുന്നത്. ഡോക്ടര്‍മാരെ മരണകാരണമാക്കരുതെന്നു അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കാത്തലിക് ഡോക്ടേഴ്സിന്റെ പ്രസ്താവനയില്‍ പറയുന്നു. സമീപ വര്‍ഷങ്ങളില്‍ ദയാവധം നിയമപരമാക്കുന്നതിനുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു.

റെഫറണ്ടം തടയണമെന്ന ആവശ്യവുമായി കഴിഞ്ഞ വര്‍ഷം 12 ലക്ഷം ആളുകള്‍ ഒപ്പിട്ട അപേക്ഷ ഇറ്റാലിയന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിന്നു. ഇതിന്‍ മേലുള്ള വിധി വരാനിരിക്കുകയാണ്. ദയാവധം നിയമപരമാവുകയാണെങ്കില്‍ അത് ഇറ്റലിയിലെ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതിനും, രാജ്യത്തിന്റെ ഐക്യത്തിലും, നീതിയിലും മാറ്റം വരുത്തുന്നതിനും തുല്ല്യമാണെന്ന മുന്നറിയിപ്പും ഡോക്ടര്‍മാരുടെ അസോസിയേഷന്റെ പ്രസ്താവനയിലുണ്ട്. മരുന്നുകള്‍ നിശ്ചയിക്കുന്ന ഡോക്ടര്‍മാര്‍ ആളുകള്‍ ജീവിക്കണമോ, മരിക്കണമോ എന്ന് നിശ്ചയിക്കുന്നതിന് ഇടവരുത്തരുതെന്നും മാരക രോഗങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ പാലിയേറ്റീവ് പരിപാലനവും, വേദന കുറക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളുമാണ് നോക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

Leave A Reply

Your email address will not be published.