Ultimate magazine theme for WordPress.

കാടിന്റെ മക്കള്‍ക്ക്‌ കനിവേകി കൊച്ചുഡോക്‌ടര്‍

 

കട്ടപ്പന:കാടിന്റെ മക്കള്‍ക്ക്‌ കനിവേകി കൊച്ചുഡോക്‌ടര്‍ എത്തിയപ്പോള്‍ മേമാരിക്കാര്‍ക്കിത്‌ ആശ്വാസം. ഉപ്പുതറയില്‍നിന്നും 22 കിലോമീറ്റര്‍ ദൂരെ വനാന്തരത്ത്‌ സ്‌ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ആദിവാസി ഗ്രാമമായ മേമാരിക്കുടിയില്‍ സ്വന്തം ചെലവിലാണ്‌ ആരോഗ്യ ക്യാമ്ബ്‌ ഡോ.അശ്വതി നടത്തിയത്‌. കട്ടപ്പന ഡിവൈ.എസ്‌.പി ഓഫിസിലെ പോലീസ്‌ ഉദ്യോഗസ്‌ഥനായ വെള്ളിലാംകണ്ടം നെല്ലിമൂട്ടില്‍ മോഹനനന്റെ മകളായ ഡോ.അശ്വതിയാണ്‌ തന്റെ സ്വന്തം ചെലവില്‍ ഈ ആദിവാസി ഊരിലെ 90-ഓളം കുടുബങ്ങള്‍ക്ക്‌ ആശ്വാസമായി സൗജന്യ ചികിത്സ ഉറപ്പാക്കിയത്‌. കട്ടപ്പന താലൂക്കാശുപത്രിയില്‍ എന്‍.എച്ച്‌.എം ആയി പ്രവര്‍ത്തിക്കുകയാണ്‌ ഡോ.അശ്വതി.തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്‌. പൂര്‍ത്തിയാക്കിയത്‌ കഴിഞ്ഞ മാര്‍ച്ചിലാണ്‌. നിലവില്‍ ജോലിക്കൊപ്പം പി.ജിക്ക്‌ വേണ്ടിയുള്ള എന്‍ട്രന്‍സ്‌ പഠന പരിശീലനത്തിലാണ്‌ ഈ മിടുക്കി. കണ്ണംപടിയില്‍നിന്നും എട്ടുകിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ചാല്‍ മാത്രമേ മേമാരിയില്‍ എത്താന്‍ കഴിയു. ഇതുമൂലം ഇവിടുത്തുകാര്‍ക്ക്‌ നാട്ടില്‍വന്നുള്ള ചികിത്സ ഏറെ പ്രയാസമേറിയതാണ്‌. വല്ലപ്പോഴും ആരോഗ്യവകുപ്പ്‌ ഇവിടെ നടത്തുന്ന മെഡിക്കല്‍ ക്യാമ്ബ്‌ മാത്രമാണ്‌ ഏക ആശ്വാസം. അശ്വതിയുടെ പിതാവ്‌ മോഹനന്‍ കണ്ണംപടി പ്രദേശവാസിയായതിനാലും ഇവിടുത്തെ ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ ഇദ്ദേഹം നിരവധി തവണ സഹായങ്ങള്‍ നല്‍കിയതുമാണ്‌ അശ്വതിക്ക്‌ സൗജന്യ മെഡിക്കല്‍ ക്യാമ്ബിന്‌ പ്രചോദനമായത്‌.
ഒരു ഗര്‍ഭിണി അടക്കമുള്ളവര്‍ക്ക്‌ ചികിത്സ നല്‍കി. ഇവിടുത്തെ ഏറ്റവും അധികം പ്രായമുള്ള നൂറ്റഞ്ചു വയസുള്ള നീലി എന്ന വൃദ്ധയ്‌ക്ക്‌ വീട്ടില്‍ചെന്നാണ്‌ ചികിത്സ നല്‍കിയത്‌. ബി.പി, ഷുഗര്‍ എന്നിവ എല്ലാവരുടേയും ചെക്ക്‌ ചെയ്‌തു. കുട്ടികള്‍ക്കും മറ്റും വൈറ്റമിന്‍ ഗുളികകളും നല്‍കി. പതിനായിരത്തോളം രൂപയുടെ മരുന്നുകളാണ്‌ അശ്വതി സ്വന്തം ചെലവില്‍ ഇവിടെ വിതരണം നടത്തിയത്‌. അലടി പി.എച്ച്‌.സിയിലെ ഹെഡ്‌നേഴ്‌സ്‌ അനു ജോണ്‍, ഫാര്‍മസിസ്‌റ്റ്‌ ജസ്‌ന എന്നിവരും അശ്വതിയുടെ സേവനത്തില്‍ പങ്കാളികളായി. ഇവര്‍ ജോലിയില്‍നിന്നും അവധിയെടുത്താണ്‌ മേമാരിയിലെത്തിയത്‌. യാതൊരു ഭൗതിക സാഹചര്യവും ഇല്ലാത്ത ഇവിടെ ഇക്കോ ഡവലപ്‌മെന്റ്‌ സൊസൈറ്റി പ്രവര്‍ത്തകരാണ്‌ മെഡിക്കല്‍ സംഘത്തിന്‌ എല്ലാവിധ പിന്തുണയും നല്‍കിയത്‌.
എല്ലാത്തിനും ഉപരിയായി മാതാവ്‌ ശ്യാമളയും സഹോദരി ഗായത്രിയും ഒപ്പമുണ്ടായിരുന്നു. ഇനിയും സമൂഹത്തിന്‌ സേവനം ചെയ്യാന്‍ സന്നദ്ധയാണ്‌ ഈ കൊച്ചു ഡോക്‌ടര്‍.

റിപ്പോർട്ട് : ലിനു ജോയ് , കുമിളി

Leave A Reply

Your email address will not be published.