Ultimate magazine theme for WordPress.

കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി

ന്യൂഡൽഹി: ഇന്ത്യ അടിയന്തര ഉപയോഗത്തിന് ഓക്സ്ഫഡ് അസ്ട്രാസെനക വാക്സിന് അടുത്ത ആഴ്ചയോടെ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ അടുത്ത മാസത്തോടെ വാക്സിനേഷൻ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഓക്സ്ഫഡ് അസ്ട്രാ സെനകയ്ക്ക് പുറമെ ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിൻ ഫൈസറിന്‍റെ വാക്സിൻ ഉപയോഗത്തിനുള്ള അപേക്ഷകകളും രാജ്യം പരിഗണിക്കുന്നുണ്ട്. ലോകത്ത് ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് കൊവിഡിനെതിരായ വലിയൊരു ചുവടുവെയ്പ്പായി മാറും. അതേസമയം വാർത്തയോട് മരുന്ന് നിർമ്മാതാക്കളാരും ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നേരത്തെ അമേരിക്കൻ കമ്പനിയായ ഫൈസറാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കൊവിഡ് വാക്സിന്‍ ഉപയോഗിക്കാൻ ആദ്യം അനുമതി തേടിയത്. എന്നാൽ ഫൈസർ വാക്സിന്റെ പരീക്ഷണം ഇന്ത്യയിൽ ഇതുവരെ നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സാധാരണ രീതിയിൽ ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സിനുകള്‍ക്കാണ് അനുമതി നൽകാറുള്ളത്. യുഎസ് കമ്പനിയായ ഫൈസറിനു പിന്നാലെയാണ് രാജ്യത്ത് കൊവിഡ്-19 വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ രംഗത്തെത്തുന്നത്. കൊവിഡ് മഹാമാരിയുടെ സാഹചര്യം പരിഗണിച്ചും ജനനന്മ കണക്കിലെടുത്തും വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുവദിക്കണമെന്നായിരുന്നു കമ്പനി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഓക്സഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. ചില നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും കൊവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകുക. നിശ്ചിത സമയത്തേക്കോ അല്ലെങ്കിൽ നിർദ്ദിഷ്ട ഗ്രൂപ്പുകളിലോ വാക്സിൻ അനുവദിച്ച് കൊണ്ടാകും ഇത്. ഫൈസറിനും ഓക്സ്ഫഡ് വാക്സിനും പുറമെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. ഭാരത് ബയോടെക് വാക്സിൻ കൊവാക്സിൻ എന്നാണ് അറിയപ്പെടുന്നത്.

Leave A Reply

Your email address will not be published.