Ultimate magazine theme for WordPress.

ഗൾഫിൽ നിന്ന് തിരികെ എത്തുന്നവർക്ക് സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

പ്രവാസികൾക്ക് അനുകൂല തീരുമാനവുമായി കേരളാ സർക്കാർ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നവർ കേരളത്തിൽ വീണ്ടും സ്വന്തം ചെലവിൽ കോവിഡ് ആർടിപിസിആർ പരിശോധന നടത്തണമായിരുന്നു. 72 മണിക്കൂർ ഇടവേളയിൽ രണ്ടാമതും പരിശോധന നടത്തേണ്ട സാഹചര്യം. അതും ഒരു പരിശോധനയ്ക്ക് 1700 രൂപ നിരക്കിൽ നൽകുകയും വേണം. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് ചെലവ് സൗജന്യമാക്കാൻ തീരുമാനിച്ചത്.

രാജ്യത്ത് ഈ ദിവസങ്ങളിൽ കോവിഡ് കേസുകളിൽ 31 ശതമാനം വർദ്ധനവുണ്ടായി. ഈ സാഹചര്യത്തിൽ പരിശോധന ഒഴിവാക്കാനാകില്ല. ജനതിക മാറ്റം വന്ന വൈറസ് വാഹകരാണൊ എന്ന കാര്യം അറിയാനും ആർടിപിസി ആർ പരിശോധന തന്നെ വേണം. എന്നാൽ പരിശോധന ചെലവ് സർക്കാർ വഹിക്കും. എല്ലാ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും സൗജന്യ കോവിഡ് ടെസ്റ്റ് നടത്തും. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് ശുപാർശ ചെയ്യുന്ന വ്യക്തികളുടെ പരിശോധന ചെലവ് ആരോഗ്യവകുപ്പ് തന്നെ വഹിക്കും. കൂടാതെ എയർപോർട്ടുകളിൽ സ്വകാര്യ മൊബൈൽ ലാബുകളിൽ ആർടിപിസിആർ പരിശോധനക്ക് സൗകര്യമൊരുക്കും. പരിശോധന ഫലം 24 മണിക്കൂറിൽ ലഭ്യമാക്കും. 448 രൂപക്ക് ആർടിപിസിആർ പരിശോധന നടത്താനാണ് കരാർ. ഈ തുക ആരോഗ്യവകുപ്പ് സ്വകാര്യ കമ്പനിയ്ക്ക് കൈമാറും. മൂന്ന് മാസത്തേയ്ക്കാണ് സ്വകാര്യ മൊബൈൽ ലാബുകളുമായുള്ള കരാർ. എയർപോർട്ടിലെ പരിശോധനയ്ക്ക് അടക്കം മാർഗനിർദേശവും പുറപ്പെടുവിച്ചു

പരിശോധന സംവിധാനം പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇത് പരിശോധിക്കാൻ പ്രത്യാക ടീമിനെയും നിയോഗിക്കും. മൊബൈൽ ആർടിപിസിആർ ലാബുകൾ വരുന്നതോടെ സ്വകാര്യ ലാബുകളുടെ ചൂഷണം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. 1700 രൂപയാണ് സ്വകാര്യ ലാബുകളിൽ ആർടിപിസിആർ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്.

കേരളത്തിലെ 4 വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കേന്ദ്ര നിര്‍ദേശപ്രകാരം ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തുന്നവരില്‍നിന്ന് എതിര്‍പ്പുയരുകയും ചെയ്തിരുന്നു. വിദേശത്തുനിന്ന് പരിശോധനയ്ക്ക് ശേഷം കോവിഡ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ വീണ്ടും പണം നല്‍കി പരിശോധനയ്ക്കു വിധേയരാകേണ്ടിവരുന്നതാണ് എതിര്‍പ്പിനിടയാക്കിയത്.

\"\"

ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. നാട്ടിലേക്ക് എത്തുന്നവർ രണ്ടു തവണ കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുന്നതും കോവിഡ് മോളിക്യുലാർ പരിശോധനയ്ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ അമിത തുക ഈടാക്കുന്നതും വലിയ സാമ്പത്തികപ്രയാസം സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രവാസികൾ പ്രതിഷേധം ഉയർത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം നാട്ടിലേക്ക് എത്തുന്ന പ്രവാസികൾ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം നാട്ടിലെത്തി വിമാനത്താവളങ്ങളിൽ വീണ്ടും കോവിഡ് മോളിക്യുലാർ പരിശോധന നടത്തണം.

കേരളത്തിലെ വിമാനത്താവളങ്ങളിൽ 1200 മുതൽ 1700 രൂപ വരെയാണ് ഒരാൾക്ക് പരിശോധനാ നിരക്ക്. നാട്ടിൽ ഒരാഴ്ചത്തെ ക്വറന്റീൻ കഴിയുമ്പോൾ വീണ്ടും പരിശോധന നടത്തുകയും വേണം. ശമ്പള പ്രതിസന്ധി, ജോലി നഷ്ടം തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് കേന്ദ്രസർക്കാരിന്റെ പുതിയ വ്യവസ്ഥകൾ കൂടുതൽ മാനസിക, സാമ്പത്തിക പ്രയാസങ്ങൾക്ക് ഇടയാക്കുമെന്നും വിമർശനം ഉയർന്നിരുന്നു.

Leave A Reply

Your email address will not be published.