Ultimate magazine theme for WordPress.

രാജ്യത്ത് കോവിഡ് അതിരൂക്ഷം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 794 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 77,567 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി. മരണസംഖ്യ 1,68,436 ആയി ഉയര്‍ന്നു. 1,19,90,859 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,46,631 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 9.8 കോടി പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തത്. ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 25,52,14,803.
കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ പരിശോധന വര്‍ധിപ്പിക്കാനും കോവിഡ് വാക്‌സിന്‍ വിതരണം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. വാക്‌സിന്‍ വിതരണം വിപുലപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതികള്‍ രൂപീകരിച്ചു തുടങ്ങി. അതേസമയം മുംബൈയിലടക്കം പലയിടത്തും ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ മുംബൈയിലെ പകുതിയിലധികം കുത്തിവെപ്പുകേന്ദ്രങ്ങളും വെള്ളിയാഴ്ചയോടെ അടച്ചു. വാക്‌സിന്‍ എന്നെത്തുമെന്ന് പറയാന്‍കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍. മുംബൈയില്‍ ആകെ 120 കുത്തിവെപ്പു കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 71 എണ്ണമാണ് താത്കാലികമായി അടച്ചത്. മുംബൈയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ അവസ്ഥയാണ്. അതോടെ രണ്ടാം ഡോസ് എടുക്കാനുള്ളവരും അങ്കലാപ്പിലായി. കോവിഡിന്റെ രണ്ടാം വരവ് ഗുജറാത്തില്‍ കൂടുതല്‍ രൂക്ഷമായി. ആശുപത്രികള്‍ നിറഞ്ഞതോടെ രോഗികള്‍ നിലത്ത് കിടക്കേണ്ടി വരുന്നു. അടിയന്തര മരുന്നുകള്‍ക്കുവേണ്ടിയും വലിയ വരികളാണ്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് നല്‍കുന്ന റെംഡസിവിര്‍ മരുന്നിനായി അഹമ്മദാബാദിലും സൂറത്തിലും സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നില്‍ നീണ്ട വരികളാണ്. സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.