Ultimate magazine theme for WordPress.

ഓർമ്മകളിൽ നിറയും ക്രിസോസ്റ്റം…

ബ്ലസിൻ ജോൺ മലയിൽ

ക്രിസോസ്റ്റം തിരുമേനി വിട പറയുന്ന ഈ ഘട്ടത്തിൽ ഓർമ്മകളിൽ നിറയുകയാണ് അദ്ദേഹത്തിനൊപ്പം ചെലവിട്ട ആ മൂന്നാലു മാസങ്ങൾ.. ! തിരുമേനിയുടെ ജീവിതം ആസ്പദമാക്കിയുള്ള മാർ ക്രിസോസ്റ്റം സ്പീക്കിംഗ് – ഒരു നൂറ്റാണ്ടിൻ്റെ ശബ്ദം എന്ന ടെലി സീരിയലിൻ്റെ റെക്കാർഡിംഗുമായി ബന്ധപ്പെട്ടായിരുന്നു ആ അടുപ്പം.
\"\"
അന്നൊരു പ്രഭാതത്തിൽ
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് രാവിലെ ഉണർന്നെഴുന്നേറ്റത്.
മറുവശത്ത് പത്തനംതിട്ട ജില്ല ഇന്റലിജൻസ് വിഭാഗം ഡിവൈഎസ്പി നസിം സാറാണ്. കുറെ ക്കാലത്തിന് ശേഷമാണ് അദ്ദേഹത്തിന്റ കോൾ..!

\” ബ്ലസിൻ.. ഗുഡ് മോണിംഗ്.. എന്തുണ്ട് വിശേഷങ്ങൾ? നിങ്ങളുടെ ഒരു പ്രോഗ്രാമിന് മുഖ്യമന്ത്രിയൊക്കെ വരുമ്പോൾ ഞങ്ങളെക്കൂടെ ഒന്നറിയിക്കണ്ടേ..?\”
അതൊരു ഞായറാഴ്ച ദിവസമാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉച്ചതിരിഞ്ഞ് കോഴഞ്ചേരിയിൽ ക്രിസോസ്റ്റം തിരുമേനി താമസിക്കുന്ന സ്ഥലത്ത് എത്താമെന്ന് പറഞ്ഞിട്ടുണ്ട്. കുറെ ദിവസത്തിന് മുമ്പ് ഞാനും തിരുമേനിയും മാത്യു കോശി സാറും ഞങ്ങളുടെ ചാനൽക്യാമറാ ടീമും ഉൾപ്പെടെ മുഖ്യമന്ത്രിയെ കാണാനായി തിരുവനന്തപുരത്തിന് പോയതാണ്. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ അന്ന് കാണാൻ സാധിച്ചില്ല. അതിനും ഒരു കാരണമുണ്ട്.

ഒരു തിങ്കളാഴ്ച രാത്രിയിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള പ്രോഗ്രാം റെക്കാർഡിംഗിന് തിരുവനന്തപുരം മസ്ക്റ്റ് ഹോട്ടലിൽ സമയം നിശ്ചയിച്ചിരുന്നത്. അന്ന് മറ്റു ചില അഭിമുഖങ്ങളും ക്രമികരിച്ചിട്ടുണ്ടായിരുന്നു – പ്രഫ. നൈനാൻ കോശി, ഡി ബാബു പോൾ ഐ എ. എസ്, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ , കെ എം മാണി, കർദ്ദിനാൾ ക്ലിമിസ് തിരുമേനി.. ഇതെല്ലാം കഴിഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രി എത്തേണ്ടത്.

വൈകുന്നേരം ആറു മണിയായപ്പോൾ ഹോട്ടലിനകത്ത് പത്രക്കാരുമെത്തി. തൊണ്ണൂറു പിന്നിട്ട തിരുമേനിയും സഖാവ് വി എസു മായുള്ള അഭിമുഖമൊക്കെ അവർക്കും കൗതുകമുള്ള വാർത്തകളാണല്ലോ! സമയം എട്ടായപ്പോൾ പത്രക്കാരിൽ ചിലർ പറഞ്ഞു: \”ഇന്ന് മുഖ്യമന്ത്രി വരാനിടയില്ല..!

അത് കേട്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ചപ്പോഴും ലിസ്റ്റിൽ ആ പ്രോഗ്രാം ചേർത്തിട്ടില്ലെന്നാണ് കിട്ടിയ വിവരം. മുഖം മങ്ങിയ തിരുമേനി
പെട്ടെന്ന് എഴുന്നേറ്റ് കാറിൽ കയറി.
യാത്ര കുറച്ചു പിന്നിട്ടപ്പോൾ തിരുമേനി
പറഞ്ഞു: \”ഇത് വലിയ ചതിവായി പോയി.\”

എങ്ങനെ പറയാതിരിക്കും?
രാത്രി ഒമ്പതിന് ക്രമികരിച്ച ഈ അഭിമുഖത്തിനായി
രാവിലെ ഏഴു മണിക്കിറങ്ങിയതാണ് കോഴഞ്ചേരിയിൽ നിന്നും..!

തിരുമേനി മാത്യു കോശി സാറിനോട് തുടർന്നു: \”സാറോരു കാര്യം ചെയ്യണം, മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതണം.\”

താമസിയാതെ കത്ത് മുഖ്യമന്ത്രിയുടെ കയ്യിലെത്തി. അതിൻ്റെ മറുപടി ഫോൺ കോളായാണ് ഒരു രാത്രി എത്തിയത്. കാര്യങ്ങൾ
മുഖ്യമന്ത്രി വിശദികരിച്ചു: \”നമ്മള് തമ്മില് സംസാരിച്ചതിന്റെ വെളിച്ചത്തിൽ ഞാൻ അന്ന് നിങ്ങളുടെ ഫോണ് കാത്തിരിക്കുകയായിരുന്നു. എന്നെ മൊബൈലിൽ നിങ്ങൾക്ക് വിളിക്കാമായിരുന്നല്ലൊ..? ഞാൻ നേരിട്ട് തന്ന ഒരു പരിപാടിയല്ലെ? അത് സെക്രട്ടറിക്കറിയണമെന്നില്ല. ഏതായാലും ഇനിയും തിരുമേനിയെ ഇങ്ങോട്ട് വരുത്തുന്നത് ശരിയല്ല. ഞാനങ്ങോട്ട് വരാം. തിരുമേനിക്ക് സൗകര്യമാണെങ്കില് അടുത്ത ഞായറാഴ്ച നാലു മണി. \”

അങ്ങനെ കാര്യങ്ങൾ ഉറപ്പിച്ചതിനെ തുടർന്ന് ഞായറാഴ്ച നാലുമണിക്കുള്ള വരവാണിത്. ഒപ്പം ഞങ്ങൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന മാർക്രിസോസ്റ്റം സ്പീക്കിംഗ്- ഒരു നൂറ്റാണ്ടിന്റ ശബ്ദം എന്ന പ്രോഗ്രാമിന്റെ സ്വിച്ച് ഓൺ കർമ്മവും നടത്താം !

പക്ഷേ ആ ദിവസങ്ങളായപ്പോഴാണ് മറ്റൊരു പ്രശ്നം – തിരുമേനി ഫെലോഷിപ്പ് ആശുപത്രിയിൽ തീർത്തും വയ്യാത്ത \’ നിലയിൽ കിടപ്പിലാണ്.

അതു കൊണ്ടു തന്നെ ഞായറാഴ്ച പ്രഭാതത്തിൽ ഫോണിൽ വിളിച്ച നസിം സാർ ചോദിച്ചു:

\”ബ്ലസിൻ, തിരുമേനി ആശുപത്രിയിലാണല്ലോ.. മുഖ്യമന്ത്രി വരുമോ? വന്നാൽ തന്നെ ഷൂട്ടിംഗ് നടക്കുമോ?\”

\” സാർ, അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല. തിരുമേനി എന്നോട് വാക്കു പറഞ്ഞിട്ടുണ്ട്; തെറ്റിക്കില്ലെന്നാണ് വിശ്വാസം\” – ഞാൻ ഉത്തരം നൽകി.

പറഞ്ഞ പോലെ സമയം പന്ത്രണ്ടു കഴിഞ്ഞപ്പോൾ ഞാൻ കോഴഞ്ചേരിയിലെത്തി. നിറയെ പോലിസും വാഹനങ്ങളും! അതിനിടയിലൂടെ കയറി അകത്ത് ചെന്നപ്പോൾ തിരുമേനി എത്തിയിട്ടില്ല. തീർത്തും വയ്യാതെ കിടക്കുന്ന തിരുമേനി എങ്ങനെ എത്താനാണ്?
ഒരു നിമിഷം ഞാൻ സംശയിച്ചു.

ഇന്നത്തെ എന്റെ ഷൂട്ടിംഗ് പദ്ധതികൾ എല്ലാം തകരാറിലാകുമോ?

\”ഇല്ല; വരുമായിരിക്കും.. നമുക്ക് കാത്തിരിക്കാം..
സുഹൃത്തുക്കളിലൊരോൾ ആശ്വാസമായി പറഞ്ഞു. പറഞ്ഞത് സത്യമായി.നിമിഷങ്ങൾക്കുള്ളിൽ തിരുമേനിയുടെ കറുത്ത കാർ വീടിനു മുന്നിൽ വന്നു നിന്നു.അതിൽ നിന്ന് ഡോക്ടർ .. നേഴ്സ്.. ഡ്രൈവർ എബി എല്ലാം ഇറങ്ങി. ഒടുവിൽ ചിരിച്ചു കൊണ്ട് തിരുമേനിയും..!

ചോദിച്ചപ്പോൾ പറഞ്ഞു -ഡോക്ടർമാരെ നിർബന്ധിച്ച് ആശുപത്രി കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് പോന്നതാണത്രേ! പ്രോഗ്രാമിൽ രണ്ടു മണിക്കൂറോളം പങ്കെടുത്ത് മുഖ്യമന്ത്രിയുമായുള്ള അഭിമുഖവും കഴിഞ്ഞ് ശക്തമായ ഒരു പ്രഭാഷണവും നടത്തിയതിന് ശേഷമാണ് അന്ന് തിരുമേനി തിരിച്ച് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആകാനായി പോയത്…!

\"\"

മറക്കാനാവാത്ത ഒരു പിടി നല്ല ഓർമ്മകൾ സമൂഹത്തിന് സമ്മാനിച്ചാണ് ജനപ്രിയനായ ആ മഹാ ഇടയൻ യാത്രയാകുന്നത്.നാട്ടിലെ സർവ്വ മനുഷ്യരും ഇഷ്ടപ്പെട്ടിരുന്ന, സർവ്വരെയും ഇഷ്ടപ്പെട്ടിരുന്ന ക്രിസോസ്റ്റം തിരുമേനിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

(തിരുമേനിയുടെ ജീവിതം ആസ്പദമാക്കിയുള്ള മാർ ക്രിസോസ്റ്റം സ്പീക്കിംഗ്- ഒരു നൂറ്റാണ്ടിൻ്റെ ശബ്ദം എന്ന ടെലി സീരിയലിൻ്റെ പ്രോഗ്രാം ഡയറക്ടറാണ് ലേഖകൻ)

Leave A Reply

Your email address will not be published.