Ultimate magazine theme for WordPress.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു; പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 കേസുകൾ വർധിച്ചതോടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മേയ് മാസത്തിൽ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷയാണ് റദ്ദാക്കിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച കാര്യത്തിൽ ജൂൺ ഒന്നിന് ശേഷം തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മേയ് നാല് മുതൽ നടത്താനാണ് സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് കേസികൾ രാജ്യത്ത് വർധിച്ചതോടെ പരീക്ഷകൾ നടത്തുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്നു. വിദ്യാർഥികളുടെ മാതാപിതാക്കളും ചില സംസ്ഥാനങ്ങളും ശക്തമായ എതിർപ്പ് അറിയിക്കുകയും ചെയ്‌തു. ഇതോടെയാണ് പ്രധാനമന്ത്രി വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയത്.മുൻവർഷത്തെ മാർക്കുകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ പാസാക്കുന്ന കാര്യവും സിബിഎസ്ഇയുടെ പരിഗണനയിലുണ്ട്. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരുക്കും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുകയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ മാത്രം 6 ലക്ഷം വിദ്യാർഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതാനിരിക്കുന്നത്. ഒരു ലക്ഷം അധ്യാപകർ പരീക്ഷാഡ്യൂട്ടിയിലുണ്ടാകുകയും ചെയ്യും. ഈ സാഹചര്യം ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒറ്റ ദിവസം 1,84,372 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1027 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

Leave A Reply

Your email address will not be published.