Ultimate magazine theme for WordPress.

മദര്‍ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ്‌ 26 അന്താരാഷ്‌ട്ര കാരുണ്യ ദിനമായി പ്രഖ്യാപിക്കണമെന്നു ഐക്യരാഷ്ട്രസഭക്ക് കത്ത്

മുംബൈ: വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ്‌ 26 അന്താരാഷ്‌ട്ര കാരുണ്യ ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുംബൈ ആസ്ഥാനമായുള്ള എന്‍‌ജി‌ഓ ഐക്യരാഷ്ട്ര സഭക്ക്‌ കത്തയച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ഹാര്‍മണി ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയാണ് കത്തയച്ചത്. അനുകമ്പയുടേയും, പ്രതീക്ഷയുടേയും പ്രതീകമായ മദര്‍ തെരേസയുടെ ജന്മദിനത്തേക്കാള്‍ അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ആചരിക്കുവാന്‍ യോഗ്യമായ മറ്റൊരു ദിനമില്ലെന്ന് ഹാര്‍മണി ഫൗണ്ടേഷന്റെ പ്രസിഡണ്ടായ എബ്രഹാം മത്തായി ഇതു സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പാവപ്പെട്ടവര്‍, വിശന്നു വലയുന്നവര്‍, ഭവനരഹിതര്‍, അംഗവൈകല്യമുള്ളവര്‍, കുഷ്ഠരോഗികള്‍ തുടങ്ങി സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുടെയിടയില്‍ മദര്‍ തെരേസ നടത്തിയ കാരുണ്യപ്രവര്‍ത്തികളുടെ ആദരണാര്‍ത്ഥം മദറിന്റെ ജന്മദിനം അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘടന യുഎന്നിനയച്ച കത്തില്‍ പറയുന്നു. ഇതിനോടകം മദര്‍ തെരേസയുടെ ജന്മദിനം അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ആചരിക്കുവാന്‍ ഹാര്‍മണി ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

അതിരുകളില്ലാത്ത കാരുണ്യത്തിന്റെ ലോകത്തിനായി തങ്ങള്‍ ഇന്ത്യയിലും വിദേശത്തും കാരുണ്യപ്രവര്‍ത്തികള്‍ നടത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. കാശ്മീരി അഭയാര്‍ത്ഥികള്‍ക്കും, സിറിയ, തെക്കന്‍ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികള്‍ക്കും സഹായമെത്തിക്കുവാനുള്ള പ്രത്യേക പദ്ധതിക്ക്‌ രൂപംകൊടുത്തിട്ടുള്ളതായി സംഘടന അറിയിച്ചു. ഇതിനായി മുംബൈയിലെ ഗ്രാമപ്രദേശങ്ങളിലുള്ള സ്കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനോന്‍മുഖരാക്കുവാനുള്ള പദ്ധതിയും സംഘടനക്കുണ്ട്.

അഭയാര്‍ത്ഥികളായ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം എന്നിവക്ക് സുസ്ഥിരമായ ഒരു പരിഹാരം കാണുന്നതിനായി വിവിധ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് ഹാര്‍മണി ഫൗണ്ടേഷന്‍. ഇതിനുപുറമേ, മികച്ചരീതിയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കായി 2005-മുതല്‍ \’മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡും\’ സംഘടന നല്‍കിവരുന്നു.

Leave A Reply

Your email address will not be published.