Ultimate magazine theme for WordPress.

കരോൾ സംഘത്തിന് നേരെ ആക്രമണം നാടിന് അപമാനം: പിസിഐ കേരളാ

തിരുവല്ല : ക്രിസ്തുമസ് ആഘോഷങ്ങൾക്കും കരോൾ സംഘങ്ങൾക്കും നേരെ നടക്കുന്ന ആക്രമണം പരിഷ്കൃത സമൂഹത്തിന് അപമാനകരമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് കമ്മിറ്റി.
കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെ പത്തിലധികം വരുന്ന സംഘമാണ് അകാരണമായി ആക്രമണം അഴിച്ചു വിട്ടത്. സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
പാലക്കാട് സ്കൂളിലും ആലപ്പുഴയിലും സമാന സ്വഭാവമുള്ള സംഭവങ്ങൾ ഉണ്ടായി. ചാവക്കാട് പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ മൈക്ക് വക്കാൻ പാടില്ലെന്ന് പറഞ്ഞ് കരോൾ ഗാനം വിലക്കിയെന്നും ക്രിസ്തുമസ് ആഘോഷം പോലിസ് തടഞ്ഞെന്നും പരാതി ഉയരുന്നുണ്ട്.
പനമരം സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ സ്ഥാപിച്ച ക്രിസ്മസ് ട്രീയും പുൽകൂടും എടുത്തു മാറ്റാൻ ചിലർ നിർബന്ധിച്ചു എന്നും പറയുന്നു.

മത സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയ ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത നടപടി ഉണ്ടാകണം. മത തീവ്രവാദികളും സാമൂഹിക വിരുദ്ധരും നിയമം കയ്യിലെടുക്കുകയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ക്രൈസ്തവരുടെ ആശങ്ക ദുരീകരിക്കണമെന്നും പിസിഐ ആവശ്യപ്പെട്ടു.

സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, രാജീവ് ജോൺ പൂഴനാട്, ബിനോയ് ചാക്കോ, പി ടി തോമസ്, അനീഷ് കൊല്ലങ്കോട്, സതീഷ് നെൽസൺ, ആർ സി കുഞ്ഞുമോൻ, ടി വൈ ജോൺസൺ, പി വൈ യേശുദാസ്, ജോമോൻ ജോസഫ്, ജോൺസൺ എബ്രഹാം എന്നിവർ പങ്കെടുത്തു.

വാർത്ത : Pci media

Sharjah city AG