Ultimate magazine theme for WordPress.

ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം

ലാഹോര്‍: ഏപ്രില്‍ 29- നു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുരയില്‍ പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന് കീഴിലുള്ള ഗ്ലോബല്‍ പാഷന്‍ സ്കൂളില്‍ 14 അംഗ സായുധ സംഘം ആക്രമണം നടത്തി. പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും, ഭക്ഷണവും നല്‍കിവരുന്ന ക്രിസ്ത്യന്‍ സ്കൂളാണിത്. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും, സ്കൂളില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ വാഹനങ്ങൾ അക്രമികള്‍ തകർക്കുകയും ചെയ്തു. ഏതാണ്ട് മൂന്നര ലക്ഷം രൂപയുടെ നാശ നഷ്ടമാണ് അക്രമികള്‍ ഉണ്ടാക്കിയത്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍ പീറ്റര്‍ കലീമിനും മര്‍ദ്ദനമേറ്റു.

പണം നൽകാത്തപക്ഷം ആരാധനയും, സ്കൂളിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തുമെന്നുമാണ് ഭീഷണിയെന്നും കലീം പോലീസിനോട് പറഞ്ഞു. സ്കൂള്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്ക് അക്രമികള്‍ കസേരകള്‍ വലിച്ചെറിഞ്ഞതായും, സ്ത്രീ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു .

സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ മുസ്ലീം സമുദായക്കാരില്‍ ചിലര്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്ന്‍ കലീം വെളിപ്പെടുത്തിയിരിന്നു. അക്രമത്തിനിരയായ സ്കൂള്‍ സന്ദര്‍ശിക്കുമെന്ന് ഷെയിഖുപുര സെന്റ്‌ തെരേസാ ഇടവക വികാരി ഫാ. തൗസീഫ് യോസഫ് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നു ഫാ. തൗസീഫ് പറയുന്നു.

Leave A Reply

Your email address will not be published.