Ultimate magazine theme for WordPress.

മങ്കിപോക്‌സിനെതിരെ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു

വാനരവസൂരി (മങ്കി പോക്‌സ് )യ്‌ക്കെതിരെ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗത്തിനെതിരെ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പൊതു ജനങ്ങള്‍ ഭയരഹിതരായി ആരോഗ്യ വകപ്പിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ഡി.എം.ഒ.അഭ്യര്‍ത്ഥിച്ചു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണിത്

രോഗം പകരുന്ന വിധം
കുരങ്ങ്, എലി, അണ്ണാന്‍ തുടങ്ങിയ ജീവികളില്‍ ഈ രോഗാണുബാധ കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, മാംസം, ശരീര സ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് രോഗാണുബാധ ഉണ്ടാകുന്നത്. രോഗം ബാധിച്ച ഒരാളില്‍ നിന്ന് മുറിവുകള്‍, ശരീര സ്രവങ്ങള്‍, നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരാം. രോഗാണു ശരീരത്തില്‍ കടന്നാല്‍ സാധാരണ 13 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രണ്ട് മുതല്‍ നാല് ആഴ്ച്ച വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടും.

രോഗലക്ഷണങ്ങള്‍
പനി, കഠിനമായ തലവേദന, കഴലവീക്കം, നടുവേദന, സന്ധിവേദന, ക്ഷീണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പനി വന്ന് ഒന്നു മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടും. മുഖം, കൈപ്പത്തി എന്നിവിടങ്ങളിലാണ് കമിളകള്‍ കൂടുതലായി കാണപ്പെടുന്നത്.

ചികില്‍സ
വൈറസ് രോഗമായതിനാല്‍ കൃത്യമായ ചികില്‍സ നിലവിലില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികില്‍സയാണ് നല്‍കുന്നത്. ഇത് രോഗം മൂലുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

പ്രതിരോധം
രോഗബാധയുള്ള ജീവികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. മൃഗങ്ങളുടെ സ്രവങ്ങള്‍, മാംസം, ശവശരീരം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ രോഗാണുബാധ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. മാംസം നന്നായി വേവിച്ച് ഭക്ഷിക്കുക. ഈ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രോഗാണുബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.