Ultimate magazine theme for WordPress.

എത്യോപ്യയില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ മലയാളിയായ വൈദികന് മോചനം

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വിമത പോരാളികളുടെ പിടിയിലായ മലയാളിയായ മിഷ്ണറി കത്തോലിക്ക വൈദികന് 24 മണിക്കൂറുകള്‍ക്ക് ശേഷം മോചനം. മലയാളിയും, മലങ്കര കത്തോലിക്കാ സഭയുടെ ബെഥനി ഫാദേഴ്സ് എന്നറിയപ്പെടുന്ന ഓര്‍ഡര്‍ ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (ഒ.ഐ.സി) സഭാംഗവുമായ ഫാ. ജോഷ്വ എടകടമ്പില്‍ ആണ് വിമത പോരാളികളുടെ പിടിയില്‍ നിന്നും മോചിതനായത്. കഴിഞ്ഞ 3 വര്‍ഷങ്ങളായി എത്യോപ്യയിലെ നെകെംതെ അപ്പസ്തോലിക വികാരിയത്തില്‍ മിഷ്ണറിയായി സേവനം ചെയ്തു വരികയായിരിന്നു മുപ്പത്തിരണ്ടുകാരനായ ഫാ. ജോഷ്വ.

ജനുവരി 21-ന് ഉച്ചകഴിഞ്ഞ് അദ്ദേഹം താമസിച്ചിരുന്ന ബെഥനി ആശ്രമത്തില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ലെഗ്മാരെ ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് മടങ്ങുംവഴിയാണ് വിമതര്‍ അദ്ദേഹത്തെ വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി തടവില്‍ വെച്ചത്. എത്യോപ്യന്‍ ഭരണകൂടവും ടൈഗ്രന്‍സ് പിന്തുണയുള്ള വിവിധ വംശീയ സംഘടനകളും തമ്മിലുള്ള ആഭ്യന്തര പോരാട്ടം കാരണം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും, ഒറോമിയ മേഖലയിലാണ് സംഘര്‍ഷം ഏറ്റവും രൂക്ഷമായിരിക്കുന്നതെന്നും ബെഥനി ആശ്രമത്തിന്റെ സുപ്പീരിയര്‍ ജനറലായ ഫാ. മാത്യു കടവില്‍ പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.

സര്‍ക്കാരും വിമതരും ക്രിസ്ത്യന്‍ മിഷണറിമാരെ ഒരുപോലെ സംരക്ഷിക്കുന്നുണ്ടെന്നും സന്ദേശത്തിലുണ്ട്. സ്കൂളിലെ ബര്‍സാര്‍ എന്ന നിലയിലും, വിവിധ ഗ്രാമങ്ങളില്‍ പോഡോകോണിയോസിസ് എന്ന ത്വക്ക് രോഗത്തിന് നല്‍കിയ വൈദ്യ ചികിത്സകളും കാരണവും മേഖലയില്‍ അറിയപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഫാ. ജോഷ്വ. സര്‍ക്കാര്‍ അധികാരികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമായിരിക്കും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലെ കാരണമെന്നാണ് അനുമാനിക്കപ്പെടുന്നത്. തട്ടികൊണ്ടുപോയ ഉടന്‍തന്നെ രൂപതാധികാരികളും, യു.എന്‍ സമാധാന സംരക്ഷണ സംഘടനകളും വിമതരുമായി ചര്‍ച്ച നടത്തുകയുണ്ടായി. തുടക്കത്തില്‍ അടുത്ത ദിവസം രാവിലെ മോചിപ്പിക്കാമെന്ന് സമ്മതിച്ചുവെങ്കിലും ജനുവരി 22 രാവിലെ വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ കനത്ത വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ മോചനം വൈകുകയായിരുന്നു.

ചര്‍ച്ചകള്‍ തുടര്‍ന്നതോടെ വൈകുന്നേരമായതോടെ അദ്ദേഹത്തെ ഒരു മോട്ടോര്‍ ബൈക്കില്‍ സമീപ പ്രദേശത്ത് എത്തിക്കുകയുമായിരുന്നു. മിഷ്ണറിമാര്‍ നിയോഗിച്ച 3 യുവജനനേതാക്കള്‍ക്കാണ് അദ്ദേഹത്തെ കൈമാറിയത്. മലയാളിയായ ബിഷപ്പ് വര്‍ഗ്ഗീസ് തോട്ടംകര ഇന്ത്യയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം എത്യോപ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ സൗരാഫിലുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി. അനേകരുടെ പ്രാര്‍ത്ഥനയും സഭയുടെ സമയോചിതമായ ഇടപെടലുമാണ് ഫാ. ജോഷ്വയുടെ മോചനം സാധ്യമാക്കിയത്. കഴിഞ്ഞ 12 വര്‍ഷങ്ങളായി ബെഥനി ഫാദേഴ്സ് എത്യോപ്യയില്‍ മിഷ്ണറി സേവനങ്ങള്‍ തുടര്‍ന്നുവരികയാണ്.

Leave A Reply

Your email address will not be published.