Ultimate magazine theme for WordPress.

ബ്രിട്ടണില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് 3 മരണം

ബ്രിസ്റ്റോള്‍ : യുകെ മലയാളികള്‍ക്ക് നടുക്കമായി ഗ്ലോസ്റ്ററിന് സമീപം മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് 3 മരണം. ഗ്ലോസ്റ്ററിന് സമീപം ചെല്‍ട്ടന്‍ഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ അതിദാരുണമായ അപകടത്തിലാണ് കോലഞ്ചേരി കുന്നയ്ക്കാല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മ്മല്‍ എന്നിവര്‍ മരണമടഞ്ഞത്. മൂന്നാമത്തെ മരണം ആരുടേതെന്ന് ഇതേവരെ വ്യക്തമായിട്ടില്ല. ചെല്‍ട്ടന്‍ഹാമിലെ എ-436 റോഡില്‍ ഇന്നലെ രാവിലെ 11.15 -നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബിന്‍സ് രാജനും ഭാര്യ അനഘയും ഇവരുടെ കുട്ടിയും, സുഹൃത്ത് നിര്‍മ്മല്‍ രമേഷ്, ഭാര്യ അര്‍ച്ചനയും ലൂട്ടനില്‍ നിന്നും ഗ്ലോസ്റ്റര്‍ഷെയറിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം. സംഭവസ്ഥലത്ത് വച്ച് തന്നെ ബിന്‍സ് രാജന്‍ മരണമടഞ്ഞു. ഭാര്യ അനഘയും കുട്ടിയും ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അര്‍ച്ചനയെ ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകട സ്ഥലത്ത് ആംബുലന്‍സ് യൂണിറ്റുകളും എയര്‍ ആംബുലന്‍സും ഹസാര്‍ഡ് ഏരിയ റെസ്പോണ്‍സ് ടീമും ഉള്‍പ്പെടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു.

അര്‍ച്ചന കൊല്ലം സ്വദേശിനിയാണ്. അര്‍ച്ചനയുടെ ഭര്‍ത്താവ് നിര്‍മ്മല്‍ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ബിന്‍സ് രാജനും ഭാര്യ അനഘയും തങ്ങളുടെ ഒരു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അനഘ ലൂട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുവാനാണ് കുടുംബസമേതം യുകെയില്‍ എത്തിയത് .

Leave A Reply

Your email address will not be published.